കൂടിയാലോചന കൂടുതൽ വലിയ ബോധവത്ക്കരണം പ്രദാനം ചെയ്യുകയും അഭ്യൂഹത്തെ സുനിശ്ചിതത്വത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. ഒരു ഇരുണ്ട ലോകത്തിൽ വഴിതെളിക്കുകയും നയിക്കുകയും ചെയ്യുന്ന പ്രകാശിക്കുന്ന വിളക്കാണത്. എല്ലാറ്റിനും പൂര്‍ണതയുടെയും പക്വതയുടെയും ഒരു സ്ഥാനമഹിമ ഉണ്ട്; അത് തുടരുകയും ചെയ്യും. ധാരണയെന്ന സമ്മാനത്തിന്‍റെ പക്വത കൂടിയാലോചനയിലൂടെയാണ് ആവിഷ്കൃതമാകുന്നത്”


ബഹാഉള്ള

ബഹായി ധര്‍മ്മത്തിൽ പുരോഹിതനില്ല. രഹസ്യബാലറ്റിലൂടെ തെരെഞ്ഞെടുക്കപ്പെട്ട പ്രാദേശിക, സംസ്ഥാന, ദേശീയ അന്തര്‍ദേശീയ തലങ്ങളിലുള്ള സ്ഥാപനങ്ങളിലൂടെയാണ് അതിന്‍റെ കാര്യങ്ങൾ നിര്‍വഹിക്കുന്നത്. യാതൊരു വിധത്തിലുള്ള വോട്ടുപിടുത്തമോ പ്രചരണമോ ഇല്ലാത്ത ഒരു നടപടിക്രമത്തിലൂടെയാണ് ഈ തെരെഞ്ഞടുപ്പുകൾ നടക്കുന്നത്. ഈ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വ്യക്തികൾ എന്ന നിലയിൽ യാതൊരു അധികാരവുമില്ല. പക്ഷേ, അവർ അംഗങ്ങളായ സ്ഥാപനങ്ങൾ നിയമനിര്‍മ്മാണ, കാര്യനിര്‍വഹണ, നീതിന്യായ അധികാരം ഉപയോഗിക്കുന്നു. ബഹായി സാമൂഹിക ജീവിതത്തിന്‍റെ ആന്തരിക കാര്യങ്ങൾ നിര്‍വ്വഹിക്കുന്നതിലും സമൂഹത്തിലേക്ക് ആത്മീയവും ഭൗതികവുമായ വിഭവങ്ങൾ തിരിച്ചുവിടുന്നതിനുമുള്ള ഉത്തരവാദിത്വം ഈ സ്ഥാപനങ്ങള്‍ക്കുണ്ട്.

ബഹായി ഭരണ സംവിധാനത്തിന്‍റെ ഭാഗമായ ഈ സ്ഥാപനങ്ങൾ കൂടിയാലോചന എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ തത്വപ്രകാരം, ഒരു സ്ഥാപനത്തിലെ അംഗങ്ങൾ ചര്‍ച്ചചെയ്യുന്നത് ഓരോ കാര്യത്തിലെയും സത്യം പര്യവേഷണം ചെയ്യാനുള്ള ഉപാധികൾ എന്ന നിലയിലാണ്. അവര്‍ അവരുടെ ആശയങ്ങൾ തുറന്ന മനസ്സോടെ പങ്കിടുന്നു; പക്ഷേ, വ്യക്തിപരമായ നിലപാടുകളുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും സ്വതന്ത്രമായി നില്‍ക്കുന്നു. അതിനുപകരം യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള കൂടുതൽ വിശാലമായ വീക്ഷണം നേടിയെടുക്കാനുള്ള മാര്‍ഗങ്ങളെന്ന നിലയിൽ മറ്റുള്ളവരുടെ വീക്ഷണങ്ങളിൽ നിന്ന് പഠിക്കാൻ ശ്രമിക്കുന്നു. കൗശലം, കക്ഷിപക്ഷപാതം, മറ്റു രീതികളിൽ വ്യക്തിപരമായ അജണ്ടയോ താല്പര്യങ്ങളോ അടിച്ചേല്‍പ്പിക്കൽ എന്നിവ അങ്ങിനെ ഒഴിവാക്കിയിരിക്കുന്നു.