"നിങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിന്‍റെ ആവശ്യങ്ങളിൽ ഉത്ക്കണ്ഠാപൂര്‍വ്വം ബന്ധപ്പെടുക. അതിന്‍റെ പ്രയാസങ്ങളിലും ആവശ്യങ്ങളിലും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക”



ബഹാഉള്ള

മനുഷ്യവംശം പക്വമാര്‍ന്ന കാലത്തിലേക്ക് സമീപിക്കുമ്പോൾ, സാമുഹിക അസ്തിത്വത്തിന്‍റെ പരിവര്‍ത്തനം ചെയ്യപ്പെടേണ്ട നിരവധി ഘടകങ്ങളിൽ സമീപനങ്ങള്‍, ചിന്തകൾ, മനുഷ്യരാശി അഭിമുഖീകരിക്കുന്ന മൗലിക പ്രശ്നങ്ങളെക്കുറിച്ചുള്ള ധാരണകള്‍ എന്നിവ ഉള്‍പ്പെടുന്നു. മാനവരാശിയുടെ ക്ഷേമവുമായി ബന്ധപ്പെടുന്ന നിരവധി സംവാദങ്ങളിൽ പങ്കാളികളാവാൻ ബഹായി സമൂഹങ്ങൾ പഠിച്ചുവരികയാണ്. സ്ത്രീപുരുഷ സമത്വം, സമാധാനം, ഭരണം, പൊതുജനാരോഗ്യം, വികസനം എന്നിവ അവയിൽ ചിലതാണ്.

ഈ സംവാദങ്ങളിൽ പങ്കെടുക്കുന്നതിന്‍റെ ഉദ്ദേശ്യം ഈ വിഷയങ്ങളിലുള്ള ബഹായി കാഴ്ചപ്പാട് മറ്റുള്ളവരെ പറഞ്ഞുവിശ്വസിപ്പിക്കാനല്ല. ഈ മേഖലയിലെ പരിശ്രമങ്ങൾ ഒരു പൊതുജന സമ്പര്‍ക്ക പ്രവര്‍ത്തനമോ പണ്ഡിതോചിതമായ അഭ്യാസമോ അല്ലതന്നെ. മറിച്ച് കാര്യങ്ങൾ പഠിക്കാനും യഥാര്‍ത്ഥമായ സംഭാഷണത്തിൽ ഇടപെടാനും ബഹായികൾ പരിശ്രമിക്കുകയാണ്. അതിനാല്‍തന്നെ, അവ മനുഷ്യരാശി അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, സ്ത്രീകളുടെ ആരോഗ്യം, ഭക്ഷ്യോത്പാദനം, ദാരിദ്ര്യനിര്‍മാജ്ജനം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും നിശ്ചിതമായ പരിഹാരങ്ങൾ നിര്‍ദേശിക്കാനും ഉദ്ദേശിക്കുന്നില്ല. എങ്കിലും, വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള ലോകമെങ്ങുമുള്ള ബഹായിക ൾ സംസ്കാരത്തിന്‍റെ മുന്നേറ്റത്തിനായി ബഹാഉള്ളയുടെ പ്രബോധനങ്ങൾ പ്രയോഗിക്കാനുള്ള അവരുടെ പരിശ്രമങ്ങളിൽ നിന്ന് പഠിക്കുന്നത് പങ്കിടാനും സമാനമന:സ്ഥിതിയിലുള്ള വ്യക്തികളോടും സംഘങ്ങളോടുമൊപ്പമോ അവരിൽ നിന്നോ പഠിക്കാനും ഉത്സുകരാണ്.

ഇന്ത്യയിലെ ബഹായി സമൂഹത്തിന് സ്ത്രീ-പുരുഷ സമത്വം, സാമൂഹിക-സാമ്പത്തിക വികസനം, സമൂഹത്തിൽ മതത്തിന്‍റെ സ്ഥാനം, കുട്ടികളുടെ അവകാശങ്ങള്‍, യുവാക്കളും സാമുഹിക പരിവര്‍ത്തനവും തുടങ്ങിയ സംവാദങ്ങളിൽ പങ്കെടുത്തതിന്‍റെ സമ്പന്നമായ ചരിത്രമുണ്ട്.