bahai india banner religion renewed

മതം പുതുക്കപ്പെട്ടു

"നാഗരികത വെളിവാക്കപ്പെട്ടു രാഷ്ട്രങ്ങള്‍ വികസിച്ചു.... ശാസ്ത്രം, നൂതനനിര്‍മ്മിതി, കണ്ടുപിടുത്തങ്ങൾ വര്‍ധിച്ചു. ഇവയെല്ലാം കാണിക്കുന്നത് അസ്ഥിത്വത്തിന്‍റെ ലോകം തുടര്‍ച്ചയായി പുരോഗമിക്കുകയും വികസിക്കുകയും ചെയ്യുന്നുവെന്നതാണ്. അതിനാൽ, നിശ്ചയമായും മനുഷ്യന്‍റെ പക്വതയെ വര്‍ണിക്കുന്ന സദ്ഗുണങ്ങൾ അതുപോലെ വികസിക്കുകയും വളരുകയും വേണം.”

- അബ്ദുള്‍ ബഹ

മനുഷ്യവംശം ഇപ്പോൾ ഒരു ദശാസന്ധിയിലാണ്. ശൈശവത്തിന്‍റെ അപക്വാവസ്ഥയെ ഉപേക്ഷിച്ച് പക്വതയുടെ ഉമ്മറപ്പടിയെ സമീപിക്കുകയാണ്. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലെപോലെ, ഈ കാലയളവിൽ ഇന്ത്യൻ സമൂഹവും സംഭ്രമജനകമായ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. ഇനി, കഴിഞ്ഞ കാലങ്ങളിലെ സംവിധാനങ്ങള്‍ക്കും ഘടനകള്‍ക്കും പാരമ്പര്യങ്ങള്‍ക്കും സമകാലീന ലോകത്തിന്‍റെ സങ്കീര്‍ണമായ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനാവില്ല. വ്യക്തിയുടെയും സമൂഹത്തിന്‍റെയും തലത്തിൽ ഈ അവസ്ഥാന്തര പ്രക്രിയ നയിക്കാനും ക്രമപ്പെടുത്താനുമുള്ള ധാര്‍മിക പുനരുജ്ജീവനത്തിനും വേണ്ടിയുള്ള രോദനമാണ് എല്ലായിടത്തും.

ചരിത്രപരമായി, മനുഷ്യ പ്രകൃതത്തെ പരിഷ്കരിക്കുന്നതിൽ മതത്തിന് നിര്‍ണ്ണായകമായ പങ്കുണ്ട്. ധാര്‍മ്മികതയ്ക്കും നിയമത്തിനുമുള്ള അതിന്‍റെ സംഭാവനകൾ സാമൂഹിക ഘടനയെ സംരക്ഷിച്ചു. ഓരോ കാലഘട്ടത്തിനും അനിവാര്യമായ ആത്മീയവും ധാര്‍മികവുമായ പ്രബോധനങ്ങള്‍ നല്‍കിക്കൊണ്ട് ദൈവിക സന്ദേശവാഹകരായ ശ്രീകൃഷ്ണ ൻ, ശ്രീബുദ്ധൻ, സൊറാഷ്ട്രർ , മോസ്സസ്സ്, യേശുക്രിസ്തു, മുഹമ്മദ് നബി തുടങ്ങിയവർ സംസ്കാരത്തെ മുന്നോട്ടു നയിച്ചു.

ദൈവീക വെളിപാടിന്‍റെ ഒരിക്കലും അവസാനിക്കാത്ത ഈ പ്രക്രിയയുടെ ഏറ്റവും ഒവുവിലത്തെ അധ്യായമാണ് ബഹായി ധര്‍മ്മം. മനുഷ്യരാശി ഇപ്പോൾ അതിന്‍റെ കൂട്ടായ പരിണാമത്തിലെ ഒരു മാറ്റത്തുടക്കത്തിലാണെന്നും, മനുഷ്യവംശത്തിന്‍റെ ഏകത്വം കൈവരിക്കാനുള്ള അനിവാര്യമായ ശക്തിയും കഴിവുകളും അതിനുണ്ടെന്നും ബഹായി ധര്‍മ്മത്തിന്‍റെ സ്ഥാപക – പ്രവാചകനായ ബഹാഉള്ള വെളിപ്പെടുത്തി. മനുഷ്യരാശിയുടെ വരാനിരിക്കുന്ന കാലഘട്ടത്തിന്‍റെ മുഖമുദ്ര ഈ ഏകീകരണം വ്യക്തിയുടെയും സമൂഹത്തിന്‍റെയും ജീവിതത്തിന്‍റെയും സമൂഹത്തിന്‍റെ ഘടനയുടെയും പൂര്‍ണമായ പുന:സംഘാടനവുമായി ബന്ധപ്പെടുന്നു.

ഈ പരിവര്‍ത്തനയുഗത്തിൽ , ബഹായി ധര്‍മ്മത്തിന്‍റെ ഉദ്ദേശ്യം, മാനവരാശിയുടെ ഏകത്വം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്നതോടൊപ്പം വ്യക്തിയുടെ ആന്തരിക ജീവിതത്തിന്‍റെയും സമൂഹത്തിന്‍റെ ഘടനകളുടെയും ജൈവമാറ്റം ഉദ്ദീപിപ്പിക്കുകയും പരിപോഷിപ്പിക്കുകയും അവയെ നയിക്കുകയുമാണ്.